Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, April 26, 2024

Latest News

Archive

മയിൽപീലി അഴകിൽ ബഹുവർണ ചിലന്തി ; മഴവിൽ നിറങ്ങൾക്കു പിന്നിൽ ? (Source: Malayala Manorama 24-05-2019)

 

 

മഴവില്ലിനെ ഓർമിപ്പിക്കും വിധം ശരീരത്തിൽ പല വർണം വിരിയിച്ച് നൃത്തം ചെയ്യുന്ന ജീവി എന്നു കേട്ടാൽ നമ്മുടെ മനസിലേക്ക് ഓടിയെത്തുക മയിലിന്റെ രൂപമായിരിക്കും . എന്നാൽ ലോകത്ത് ഇങ്ങനെ ഒരു ജീവി മയിൽ മാത്രമാണെന്നു കരുതേണ്ട. മയിലുകളില്ലാത്ത ഓസ്‌ട്രേലിയയിലും ഇങ്ങനെ പല വർണങ്ങൾ വിരിയിച്ച് നൃത്തം ചെയ്യുന്ന ഒരു ജീവിയുണ്ട്. പക്ഷെ ഇവയുടെ നൃത്തവും ശരീരത്തിലെ വർണവും ആസ്വദിക്കണമെങ്കിൽ സൂര്യക്ഷമ നിരീക്ഷണത്തിനുള്ള ലെൻസുകൾ ഏതെങ്കിലും വേണമെന്നു മാത്രം. കാരണം ഇത്തിരി കുഞ്ഞന്മാരായ ചിലന്തികളാണ് ഈ ജീവികൾ.

മയിൽ ചിലന്തികൾ

പിൻഭാഗത്ത് പല വർണങ്ങൾ നിറഞ്ഞ ശരീരവും അവിടം ചലിപ്പിച്ച് നൃത്തം ചെയ്യാനുള്ള കഴിവും നിമിത്തം ഇവയ്ക്ക് ലഭിച്ച പേരാണ് മയിൽ ചിലന്തികൾ അഥവാ പീകോക്ക് സ്പൈഡേഴ്‌സ്. മയിലുകളുമായി മറ്റൊരു സാമ്യം കൂടി ഇവയ്ക്കുണ്ട്. ഈ ചിലന്തികളിലും ആണുങ്ങൾക്ക് മാത്രമേ ബഹുവർണത്തിലുള്ള പിൻഭാഗമുള്ളു. ഏതാണ്ട് 5 മില്ലി മീറ്റർ അതായത് 0.2 ഇഞ്ച് മാത്രമാണ് ഇവയുടെ വലിപ്പം.

നൃത്തം ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഈ ചിലന്തികളുടെ പിൻഭാഗം ഈ സമയത്ത് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് കാണാം.വികസിക്കുന്ന സമയത്ത് രണ്ട് കണ്ണുകൾ പോലുള്ള രൂപങ്ങളും ഈ ചിലന്തികളുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട് . നൃത്തം ചെയ്യുമ്പോൾ കാലുകൾ ഓരോന്നായി ഉയർത്തിപ്പിടിക്കുന്ന രീതിയും ഈ ചിലന്തികൾക്കുണ്ട്. ജെനസ് മറാറ്റസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം.

മഴവിൽ വർണത്തിന്റെ രഹസ്യം

മഴവിൽ ചിലന്തി ഇനത്തിൽ പെട്ട എൺപതോളം ചിലന്തി വർഗങ്ങൾ ഓസ്‌ട്രേലിയയിലുണ്ട്. കാഴ്ച്ചയിൽ നേരിയ വ്യത്യാസങ്ങളുണ്ടെങ്കിലും നൃത്തത്തിന്റെയും വർണ വൈവിധ്യത്തിന്റെയും കാര്യത്തിൽ എല്ലാ ചിലന്തികളും ഒരുപോലെയാണ്.എന്തു കൊണ്ടാണ് ഇവയുടെ ശരീരത്തിലെ വർണങ്ങൾക്ക് ഇത്ര മനോഹാരിതയും ശ്രദ്ധയും ലഭിക്കുന്നതെന്ന ഗവേഷകരുടെ അന്വേഷണമെത്തിയത് ഇവയുടെ ശരീരത്തിലെ കറുത്ത പിഗ്‌മെന്റുകളിലാണ്. കറുത്ത കറുത്ത നിറമുള്ള ഈ പിഗ്മെന്റുകളുടെ സാന്നിധ്യമാണ് ഇവയുടെ ശരീരത്തിലെ വര്ണത്തെ ഇത്രയും എടുത്തു കാണിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. 

ഇണയെ ആകർഷിക്കാനുള്ള നൃത്തം

മറ്റ് മിക്ക ജീവിവർഗങ്ങളെയും പോലെ ഇവയുടെ ശരീത്തിലെയും ഈ പ്രത്യേകത ഇണയെ ആകര്ഷിക്കാനുള്ളതാണ്. ശരീരത്തിൽ വർണങ്ങൾ വിരിയിച്ചുള്ള നൃത്തവും കാലുകൾ ഉയർത്തിക്കാട്ടിയുള്ള ചിഹ്നങ്ങളുമാണ് ഈ ആണ്ചിലന്തികളിലേക്ക് പെൺ ചിലന്തികളെ ആകർഷിക്കുന്നത് . കൂടാതെ ഇവ പിൻഭാഗം ശക്തിയായി കുലുക്കി നൃത്തം ചെയ്യുന്നതും ഇണയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

 

വ്യത്യസ്തത നിറഞ്ഞതാണ് ഈ ചിലന്തിയുടെ ശരീരത്തിലെ വർണങ്ങൾ. പ്രധാനമായും നീലനിറം , വയലറ്റ്, മഞ്ഞ , മജന്ത തുടങ്ങി നിരവധി നിറങ്ങൾ ഈ ചിലന്തികളുടെ ശരീരത്തിൽ കാണാം. പക്ഷേ ഇവക്കെല്ലാം ഇത്രയധികം ശ്രദ്ധ നൽകുന്നത് ഈ നിറങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചിലന്തികളുടെ ശരീരത്തിലെ ബ്ലാക്ക് പിഗ്മെന്റുകൾ തന്നെയാണ്. പ്രകാശത്തെ പൂർണമായും ആഗിരണം ചെയ്യുമെന്നതാണ് ഈ ബ്ലാക്ക് പിഗ്മെന്റുകളുടെ പ്രത്യേകത. അതിനാൽ തന്നെ ചുറ്റുമുള്ള വർണത്തിൽ തട്ടി പ്രതിഫലിക്കുന്ന വെളിച്ചത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കും.