Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, May 17, 2024

Latest News

Archive

ചന്ദ്രനുമായി മുഖാമുഖം, ചിത്രമെടുത്ത് ചന്ദ്രയാൻ 3; ആദ്യ ദൃശ്യങ്ങൾ( Source: Malayala Manorama 07/08/2023)

രാജ്യകീർത്തിയുടെ അനശ്വരമുദ്ര ചാർത്തുന്നതിനുള്ള ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 അമ്പിളിവലയത്തിൽ കടന്നതിന്പിന്നാലെ ചന്ദ്രനെ, പേടകം ഒപ്പിയെടുത്തു. ചന്ദ്രയാൻ 3 പേടകം പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചാന്ദ്രഭ്രമണപഥത്തിലേക്ക് കടക്കവേ പേടകം പകർത്തിയ ദൃശ്യങ്ങളാണിത്.

ശനിയാഴ്ച രാത്രിയാണ് പേടകം ചാന്ദ്രഭ്രമണപഥത്തിലേക്ക് കടന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എന്‍ജിൻ 29 മിനിറ്റ് ജ്വലിപ്പിച്ചാണ് ചന്ദ്രയാൻ 3ന്റെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം പൂർത്തിയാക്കിയത്. ഇനി ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി പേടകത്തെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും പേടകം ഇതിനകം പിന്നിട്ടു കഴിഞ്ഞു. ആദ്യ ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ ഞായറാഴ്ച രാത്രിയാണ്.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായാണു ഭ്രമണപഥം താഴ്‌ത്തുക. 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടും. തുടർന്ന് ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്. 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്‌ഫർ ട്രജക്ട്രി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നത്.