Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Sunday, April 20, 2025

Latest News

Archive

പുലിയെപ്പോലെ പുള്ളി, പക്ഷേ ആളൊരു തവള! സാന്റ ഫെ വാല്മാക്രികളെ ആദ്യമായി കണ്ടെത്തി ഗവേഷകര് (Source:Mathrubhumi 03/07/2023)

    സാന്റ ഫെ പ്രൊജ്ക്ടിന് നേതൃത്വം നൽകുന്ന ഐസിസ് പകർത്തിയ സാന്റ ഫെ തവളയുടെചിത്രം

ശരീരം നിറയെ പുള്ളിപ്പുലിക്ക് സമാനമായ പുളളികളോടെ വരണ്ട കാടുകളില് മാത്രം കാണപ്പെടുന്ന തവളയാണ് സാന്റ ഫെ തവളകൾ . ഒരു നൂറ്റാണ്ട് മുന്പാണ് സാന്റെ ഫെ തവളകളെ ഗവേഷകര് കണ്ടെത്തുന്നതെങ്കിലും ഇവയുടെ ഇണചേരല് പോലുള്ള വിവരങ്ങള് ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. ഇപ്പോഴിതാ തവളകളുടെ പ്രത്യുത്പാദനമടക്കമുള്ള വിവരങ്ങള് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം വനിതാ ഗവേഷകര്. അര്ജന്റീനിയന് ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്. അര്ജന്റീന, ബൊളീവിയ, പാരഗ്വായ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ വരണ്ട കാടുകളിലൊന്നായ ഡ്രൈ ചാക്കോയിലാണ് സാന്റഫെ തവളകള് കാണപ്പെടുന്നത്. 50 ഡിഗ്രിയിലധികം വരുന്ന കൊടും ചൂടിനേയും വിഷപ്പാമ്പുകളെയും അതിജീവിച്ചാണ് വനിതാ ഗവേഷകര് ശാസ്ത്രലോകത്തിന് ഉതകുന്ന സുപ്രധാന കണ്ടെത്തല് നടത്തിയത്. മണ്ണിനടിയിലോ, പൊത്തുകളിലോ മറഞ്ഞിരിക്കുന്ന സാന്റ ഫെ തവളകള് ഇണചേരലിന് വേണ്ടി മാത്രമാകും പുറത്തെത്തുക. രാത്രികാലങ്ങളില് പുറത്തെത്തുന്ന ഇവ ഇണചേരലിന് വേണ്ടി കുളങ്ങളില് നിന്നോ മറ്റോ ഉയര്ന്ന ശബ്ദമുണ്ടാക്കും. പിന്നെ പെണ്തവളകള്ക്കൊപ്പം തിരികെ മണ്ണിനടിയിലെ തന്റെ വാസസ്ഥലത്തേക്ക് മടങ്ങും. രാത്രിയില് മണിക്കൂറുകളോളം കുഴിയെടുത്താണ് ഗവേഷകസംഘം മണ്ണിനടിയില് നിന്ന് മുട്ടകളും വാല്മാക്രികളെയും കണ്ടെത്തിയത്. അസഹനീയമായ ചൂട് മൂലം ഈ ഡ്രൈ ചാക്കോവനമേഖലയെ ഭൂമിയുടെ നരകമെന്നും വിളിക്കാറുണ്ട്. മഴ താരത്യമേന കുറവുള്ള ഇവിടെ താപനില പകല്സമയങ്ങളില് 50 ഡിഗ്രി സെല്ഷ്യസ് വരെ ഉയരാറുണ്ട്. ഇന്ന് വനനശീകരണതോത് ലോകത്ത് ഏറ്റവും കൂടുതലുള്ള വനമാണ് ഡ്രൈ ചാക്കോ. വന്തോതിലുള്ള വനനശീകരണം പ്രദേശത്തെ ആവാസ വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും ജീവിവര്ഗങ്ങള് വംശനാശഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും സാന്റഫെ തവളകള്ക്കും ഭീഷണിയാവുകയാണ്. സാന്റ ഫെ തവളകളുടെ സംരക്ഷണത്തിലൂടെ ചാക്കോ കാടുകളുടെ ജൈവൈവിധ്യസംരക്ഷണം കൂടിയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ഗവേഷക സംഘം അഭിപ്രായപ്പെട്ടു. .