JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:09/12/2024

Latest News

Archive

പശ്ചിമഘട്ടത്തിൽ മൂന്ന് പുതിയ ഇനം മണ്ണിരകളെ കണ്ടെത്തി (Source: Mathrubhumi 30-04-2021)

 

earth worm

 

                  പശ്ചിമഘട്ട മേഖലയിൽനിന്ന് മോണിലിഗാസ്റ്റർ ജനുസ്സിൽപ്പെട്ട മൂന്ന് പുതിയ ഇനം മണ്ണിരകളെ മഹാത്മാഗാന്ധി സർവകലാശാല കണ്ടെത്തി. ഇവിടത്തെ അന്തസ്സർവകലാശാലാ ഗവേഷണ പഠനകേന്ദ്രമായ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവൈറൺമെന്റൽ സ്റ്റഡീസ് ആൻഡ് സസ്റ്റെയിനബിൾ ഡെവലപ്മെന്റിലെ മണ്ണിര ഗവേഷണസംഘമാണ് നേട്ടമുണ്ടാക്കിയത്. മോണിലിഗാസ്റ്റർ ബഹ്ലൈ, മോണിലിഗാസ്റ്റർ ബ്ലായ്ക്ക്മോറൈ, മോണിലിഗാസ്റ്റർ കേരളൻസിസ് എന്നിവയാണിവ.

 

     കൂടാതെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് 80 വർഷം മുൻപ് രേഖപ്പെടുത്തിയ നാലിനം മോണിലിഗാസ്റ്റർ മണ്ണിരകളെയും കേരളത്തിൽനിന്ന് ആദ്യമായി ഈ സംഘം കണ്ടെത്തി. പ്രശസ്ത ഇന്ത്യൻ ജന്തുശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ കെ.എൻ.ബഹ്ൽ, മണ്ണിര വർഗീകരണ ശാസ്ത്രജ്ഞനായ ഡോ. റോബർട്ട് ജെ.ബ്ലായ്ക്ക്മോർ എന്നിവരുടെ സ്മരണാർഥമാണ് രണ്ട് പുതിയയിനം മണ്ണിരകൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. മൂന്നാമത്തെ മണ്ണിരയ്ക്ക് കേരളത്തിന്റെ പേരാണ് നൽകിയത്. ആദ്യമായിട്ടാണ് കേരളത്തിൽനിന്നുള്ള ഒരു മണ്ണിരയ്ക്ക് സംസ്ഥാനത്തിന്റെ പേര് നൽകപ്പെടുന്നത്. ഇവയിൽ മോണിലിഗാസ്റ്റർ ബഹ്ലൈ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മൂന്ന് സ്ഥലങ്ങളിൽനിന്നും മോണിലിഗാസ്റ്റർ ബ്ലായ്ക്ക്മോറൈ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രണ്ടുസ്ഥലങ്ങളിൽനിന്നും മോണിലിഗാസ്റ്റർ കേരളൻസിസ് ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പത്തുപ്രദേശങ്ങളിൽനിന്നുമാണ് ലഭിച്ചത്. ഈ കണ്ടെത്തലുകൾ. ന്യൂസീലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രശസ്ത അന്തർദേശീയ ഗവേഷണ ജേണലായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

            മോണിലിഗാസ്റ്റർ ജനുസ്സിൽപ്പെട്ട മണ്ണിരയുടെ പൂർവികർ ഏകദേശം രണ്ടുകോടി വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിലനിന്നിരുന്നുവെന്നാണ് നിഗമനം. മണ്ണിൽ ജീവിക്കുന്ന അകശേരു ജീവിവർഗങ്ങളിൽ വലുപ്പത്തിൽ മുൻപന്തിയിലുള്ളവരാണ് മണ്ണിരകൾ. ഡോ. എസ്.പ്രശാന്ത് നാരായണൻ, എസ്.ശത്രുമിത്ര, ആർ.അനുജ, ഡോ. ജി.ക്രിസ്റ്റഫർ, ഡോ. എ.പി.തോമസ്, ഡോ. ജെ.എം.ജുൽക എന്നിവരുൾപ്പെട്ട ഗവേഷണസംഘമാണ് പഠനങ്ങൾ നടത്തിയത്.