JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:04/12/2024

Latest News

Archive

സുഗന്ധം 12 മണിക്കൂർ മാത്രം, പിന്നീട് ദുർഗന്ധം; പൂവിടാനൊരുങ്ങി അപൂർവ കള്ളിമുൾച്ചെടി (Source: Malayalam Manorama 19-02-2021)

 

Rare and Exotic Cactus from Amazon Rainforest is Set to Flower for the First Time in the UK

 

                 പടിഞ്ഞാറൻ ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ കണ്ടു വരുന്ന ഒരു അപൂർവ കള്ളിമുൾച്ചെടി ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയുടെ ബൊട്ടാണിക്കൽ ഉദ്യാനത്തിൽ പൂവിടാൻ ഒരുങ്ങുന്നു. പ്രശസ്ത പോപ് താരം റിഹാന പുറത്തിറക്കിയ പെർഫ്യൂമായ ‘റിറി’യുടെ അതേ മണമായിരിക്കും ഈ പൂവ് വിരിഞ്ഞാലെന്നാണു ബ്രിട്ടിഷ് ഗവേഷകർ പറയുന്നത്. 12 മണിക്കൂർ മാത്രമേ ഈ സുഗന്ധത്തിന് ആയുസ്സുണ്ടാകുകയുള്ളൂ, അതിനു ശേഷം സുഗന്ധം അസ്തമിക്കും. പിന്നീട് മാംസം അഴുകുന്നതു പോലത്തെ ദുർഗന്ധമായിരിക്കും പുറപ്പെടുക. തുടർന്ന് പൂവ് കൊഴിഞ്ഞുവീഴും.

 

      സെലേനിസറസ് വിറ്റി എന്നു ശാസ്ത്രനാമമുള്ള മൂൺഫ്ളവർ കാക്റ്റസാണ് വിരിയാനൊരുങ്ങി നിൽക്കുന്നത്. സാധാരണ കള്ളിമുൾച്ചെടികൾ ഉഷ്ണഭൂമികളിലും മരുഭൂമികളിലും വളരുമ്പോൾ മൂൺഫ്ളവർ വളരുന്നത് ആമസോൺ നദിക്കരയിൽ എപ്പോഴും വെള്ളം കയറിവരുന്ന മേഖലകളിലാണ്. മറ്റുള്ള മരങ്ങളിലേക്ക് തങ്ങളുടെ ഇലകൾ ഉപയോഗിച്ച് പടർന്നു കയറിയാണ് ഇവയുടെ വളർച്ച.

 

               പെട്ടെന്നു പൂക്കുകയും അതുപോലെ കൊഴിയുകയും ചെയ്യുന്ന ഈ കള്ളിമുൾച്ചെടി ശാസ്ത്രലോകത്തിന് ഒരദ്ഭുതമാണ്. നല്ല വെളുത്ത നിറമാണ് ഇതിന്റെ പൂവുകൾക്ക്. രാത്രിയിൽ മാത്രമാണ് ഇവ പൂക്കുന്നത്. പിറ്റേന്നു സൂര്യനുദിക്കുമ്പോഴേക്കും പൂവ് നശിക്കും. ഇതിനൊരു കാരണമുണ്ട്.

 

Rare and Exotic Cactus from Amazon Rainforest is Set to Flower for the First Time in the UK

 


           നീണ്ട തണ്ടുള്ള പൂക്കളായതിനാൽ ഇവയിൽ പരാഗണം നടത്തുന്നത് രണ്ടു കീടങ്ങൾ മാത്രമാണ്. കോക്റ്റിയസ് ക്രുവന്റസ്, വാൽക്കേരി മോത്ത് എന്നിവയാണ് ഇവ രാത്രിയിൽ മാത്രമാണ് ഇവ പുറത്തിറങ്ങുന്നത്. അതിനാൽ പൂവും രാത്രി വിരിയുന്നു. എന്നാൽ മേൽപ്പറഞ്ഞ കീടങ്ങളൊന്നും ബ്രിട്ടനില്ല, ശാസ്ത്രജ്ഞൻമാരുടെ കൈയിലുമില്ല, അതിനാൽ ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്രിമമായി പരാഗണം നടത്താനാണ് ശാസ്ത്രജ്ഞർ ഉദ്ദേശിക്കുന്നത്. ഇതിനു ശേഷം ചെടിയിൽ വിത്തുകൾ രൂപപ്പെടുകയും അവ കൊഴിയുകയും ചെയ്യും.

 

              ഇവ ശേഖരിച്ച് മറ്റ് ബൊട്ടാണിക്കൽ ഉദ്യാനങ്ങൾക്ക് നൽകാനാണ് കേംബ്രിജ് അധികൃതർ ലക്ഷ്യമിടുന്നത്. 2015ൽ ജർമനിയിലെ ബോൺ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണു കള്ളിമുൾച്ചെടിയെ ബ്രിട്ടനിലെത്തിച്ചത്. തുടർന്ന് അലക്സ് സമ്മേഴ്സ് എന്ന ശാസ്ത്രജ്ഞൻ ഇതിനെ ഒരു ചെസ്റ്റർ നട്ട് മരത്തിനു സമീപം നട്ടു വളർത്തുകയായിരുന്നു. പൂ വിരിയുന്നതിന്റെ ലൈവ് സ്ട്രീമും ഗവേഷകർ ഒരിക്കിയിട്ടുണ്ട്, ജനങ്ങൾക്ക് ഈ അസുലഭ കാഴ്ച കാണാനൊരു അവസരം.