കൊല്ലം ചാത്തന്നൂർ പോളച്ചിറയിൽ ‘വെളുമ്പൻ’ പുള്ളിച്ചുണ്ടൻ താറാവ്. ജില്ലയിൽ ആദ്യമായാണു വെളുമ്പൻ പുള്ളിച്ചുണ്ടനെ കണ്ടെത്തുന്നത്. ദേശാടന പക്ഷികളുടെ വരവു തുടങ്ങിയപ്പോൾ തന്നെ ‘ വ്യത്യസ്തനാം വെളുമ്പനെ’ കണ്ടെത്തിയത് പക്ഷി നിരീക്ഷകർക്ക് ആഹ്ലാദമായി. കൊല്ലം ബേഡിങ് ബെറ്റാലിൻ അംഗവും പക്ഷിനിരീക്ഷകനുമായ അനു ജോൺ ആണ് പുള്ളിച്ചുണ്ടൻ താറാവുകളോടൊപ്പം ഇര തേടുന്ന വെളുത്ത പക്ഷികളെ ചൊവ്വാഴ്ച കണ്ടത്. ശരീരത്തിനു നിറം നൽകുന്നപിഗ്‌മെന്റിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് സ്വാഭാവിക നിറം നഷ്ടപ്പെടുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്ന പോളച്ചിറയിൽ, ടൂറിസ്റ്റ് സീസൺ തുടങ്ങിയപ്പോൾ തന്നെ വിദേശത്തു നിന്നുള്ളവർ ഉൾപ്പെടെ ഒട്ടേറെേ ദേശാടകർ എത്തിയിട്ടുണ്ട്. യൂറോപ്പിന്റെ പല ഭാഗത്തുനിന്നു വരുന്ന സൂചിവാലൻ ഇരണ്ട, വരി ഇരണ്ട തുടങ്ങിയ താറാവു വർഗക്കാർ എത്തിത്തുടങ്ങി. വരി ഇരണ്ടയാണ് ഏറെയും. പുള്ളിച്ചുണ്ടൻ കൊതുമ്പന്നവും എത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളുമായി കുടുംബ സമേതം നീന്തിത്തുടിക്കുന്ന വരി ഇരണ്ടകളെയും കാണാം. ഒട്ടേറെയിനം പക്ഷികൾ പോളച്ചിറയിലും പരിസരങ്ങളിലും മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളുമായാണ് മടക്കം.