Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, September 18, 2025

Latest News

Archive

ഇരപിടിയൻ വവ്വാലുകളെ പറ്റിക്കാൻ ബധിര ശലഭങ്ങളുടെ സൂത്രവിദ്യ ; കണ്ടെത്തലിൽ അമ്പരന്ന് ഗവേഷകർ (Source: Malayala Manorama 29-02-2020)

 

 

                  ചില ബധിര ശലഭങ്ങൾക്ക് ഇരപിടിയന്മാരിൽ നിന്നും രക്ഷപ്പെടാൻ സവിശേഷ മാർഗങ്ങളുള്ളതായി കണ്ടെത്തി. ശരീരത്തിലെ ചെറു രോമങ്ങൾ ഉപയോഗിച്ചാണ് അവ ഇരപിടിയന്മാരിൽ നിന്നും രക്ഷ നേടുന്നത്. രാത്രി കാലങ്ങളിൽ കാഴ്ചയില്ലാത്ത വവ്വാലുകളും മറ്റും നേർത്ത ശബ്ദവീചികൾ പുറപ്പെടുവിച്ചാണ് ഇരകളെ കണ്ടെത്തുന്നത്. ഇത്തരം ശബ്ദവീചികളിൽ 85 ശതമാനവും ചെറുരോമങ്ങൾ കണക്കെയുള്ള അവയവങ്ങളുടെ സഹായത്തോടെ ആഗിരണം ചെയ്യാനുള്ള കഴിവാണ് ബധിര ശലഭങ്ങൾക്കുള്ളത്. ശബ്ദം പ്രതിഫലിക്കാതെയിരുന്നാൽ ഇരയെ കണ്ടെത്താൻ വവ്വാലുകൾക്ക് സാധിക്കാതെ വരും.

 

               ബ്രിസ്റ്റൾ സർവകലാശാലയിലെ സ്കൂൾ ഓഫ് ബിയോളോജിക്കൽ സയൻസിലെ ഗവേഷക അസോഷ്യേറ്റായ ഡോക്ടർ തോമസ് നീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. അന്തരീന സുറക, കല്ലോസമിയ പ്രോമെത്യ എന്നീ ഇനങ്ങളിൽപെട്ട ബധിര ശലഭങ്ങളെയാണ് പഠനത്തിനുപയോഗിച്ചത്. മനുഷ്യൻ ഉപയോഗിക്കുന്ന ശ്രവണസഹായികളുടെ അതേ തോതിൽ ശബ്ദതരംഗങ്ങൾ ആഗിരണം ചെയ്യാനുള്ള ഇവയുടെ കഴിവ് തങ്ങളെ അദ്ഭുതപ്പെടുത്തിയതായി ഡോക്ടർ തോമസ് പറയുന്നു.

 

     സാധാരണ ശലഭങ്ങൾക്ക് വവ്വാലുകൾ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ സാധിക്കും. കേൾവി ശക്തിയില്ലാത്തതിനാൽ ബധിര ശലഭങ്ങൾക്ക് ഈ ശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ ശബ്തതരംഗങ്ങൾ ആഗീരണം ചെയ്യുന്നതോടെ വവ്വാലുകൾ പുറപ്പെടുവിക്കുന്ന ശബ്ദം പ്രതിഫലിക്കാതെ വരികയും അവ സുരക്ഷിതരാവുകയും ചെയ്യും. അകോസ്റ്റിക് ടോമോഗ്രഫി എന്ന മാർഗം ഉപയോഗിച്ചാണ് ബധിര ശലഭങ്ങളിലെ കഴിവ് ഗവേഷകർ കണ്ടെത്തിയത്. ലൗഡ്സ്പീക്കറിലൂടെ നേർത്ത ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് അവ ശലഭങ്ങളുടെ ശരീരത്തിൽ തട്ടി പ്രതിഫലിക്കുന്നതിന്റെ തോത് അളന്നാണ് പഠനം നടത്തിയത്. ശബ്ദ വിരുദ്ധ സാങ്കേതിക വിദ്യകളിൽ ഉപയോഗിക്കുന്ന ഫൈബറുകൾക്ക് സമാനമായ രീതിയിലാണ് ബധിര ശലഭങ്ങളിലെ ശബ്ദം ആഗിരണം ചെയ്യുന്ന ചെറുരോമങ്ങളും പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി.

 

       ചിലയിനം ശലഭങ്ങൾ പകരം ശബ്ദങ്ങൾ ഉണ്ടാക്കിയാണ് ഇരപിടിയന്മാരിൽ നിന്നും രക്ഷപെടുന്നത്. എന്നാൽ മറ്റു ചില ശലഭങ്ങളാകട്ടെ തങ്ങളിൽ വിഷാംശമുണ്ടെന്ന് മുന്നറിയിപ്പ് ശബ്ദ വീചികളിലൂടെ ഇരപിടിയന്മാർക്ക് നൽകുകയും ചെയ്യുന്നു. ജേർണൽ ഓഫ് ദ റോയൽ സൊസൈറ്റി ഇന്റർഫേസിലാണ് ഗവേഷണവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.