കോഴിക്കോട് കാക്കൂരിലുള്ള മനോഹറിന്റെ വീടിനു 6300 ചതുരാശ്രയടിയുണ്ട്. അകത്തേക്ക് കയറിയാലോ നിരവധി ലൈറ്റുകൾ , ഫാൻ , എസി എല്ലാമുണ്ട് . വിശാലമായ ഉദ്യാനം നനയ്ക്കാൻ തന്നെ 5 മോട്ടറുകളുണ്ട്. ഗാർഹിക ആവശ്യത്തിനു 2 മോട്ടറുകൾ വേറെയും. രാത്രിയാകുമ്പോൾ വീട് ലൈറ്റുകളുടെ പ്രഭാവലയത്തിൽ കുളിച്ചു നില്കും. പുറമേ പോകുന്ന ആരും അസൂയയോടെ ആത്മഗതം ചെയ്യും, കറൻറ് ബിൽ വരുമ്പോൾ പഠിച്ചോളും എന്ന്. അവിടെയാണ് ട്വിസ്റ്റ് . ഈ വീട്ടിൽ കറൻറ് കണക്ഷൻ എടുത്തിട്ടില്ല! പൂർണമായും സൗരോർജ്ജത്തിലാണ് വീട് പ്രവർത്തിക്കുന്നത് . ഈ കഥ മനോഹർ പങ്കുവെയ്ക്കുന്നു.
പ്രചോദനം ---------
കണ്ണൂർ ഇരിക്കൂർ എന്ന സ്ഥലത്തു ഞാൻ ഒരു സ്കൂൾ നടത്തുന്നുണ്ട് . സ്കൂളിലെ ഒരു കെട്ടിടം പൂർണമായും സോളാർ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത് . ഏകദേശം പത്തു ക്ലാസ് മുറികളിലെ ലൈറ്റ് , ഫാൻ , കംപ്യൂട്ടർ ലാബ് എല്ലാം പ്രവർത്തിക്കാനുള്ള ഊർജം സൂര്യനിൽ നിന്നും ലഭിക്കുന്നു . ഈ ബ്ലോക്കിൽ കെ എസ് ഇ ബി കണക്ഷൻ എടുത്തിട്ടില്ലാത്ത. എട്ടു കൊല്ലം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത പദ്ധതിയുടെ വിജയമാണ് പുതുതായി വീട് പണിതപ്പോൾ പൂർണമായി സോളാറിലേക്ക് മാറാൻ പ്രചോദനമായത്.
ഉൽപാദനം.........
10 KW ഉല്പാദനശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചത് . സർക്കാർ നുകൂല്യങ്ങൾ ഒന്നും കൈപ്പറ്റാതെയാണ് പ്ലാന്റ് സ്ഥാപിച്ചത് . ഏകദേശം 6 .5 ലക്ഷം രൂപയായി . ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാഞ്ഞതുകൊണ്ടാണ് ചെലവ് കൂടിയത് .
പാനസോണിക്കിന്റെ പാനലുകളും MROTech ഇൻവെർട്ടറുമാണ് സ്ഥാപിച്ചത് . മൂന്ന് ലക്ഷം രൂപയിൽ ഈ സംഭരണശേഷിയുള്ള ചെറുകിട കമ്പനികളുടെപാനലും ഇൻവെർട്ടറും സ്ഥാപിക്കാൻ കഴിയും . പുരപ്പുറത്ത് വീഴുന്ന വെള്ളം സംഭരിക്കാനും കിണർ റീചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങളും മാലിന്യ സംസ്കരണ സംവിധാനവും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ലാഭകരമാണ് . താല്പര്യമുള്ളവർക്ക് ഓൺഗ്രിഡ് സംവിധാനത്തിലൂടെ മിച്ചം വരുന്ന വൈദ്യുതി കെ എസ് ഇ ബി ക്ക് നൽകി പണം നേടുകയും ചെയ്യാം . സർക്കാർ സംവിധാനങ്ങൾ വഴി സബ്സിഡിയും ലഭിക്കും.
വർഷം മുഴുവൻ മുടങ്ങാതെ ഊർജ ലഭ്യത പ്രകൃതി സൗഹൃദമായ , മലിനീകരണം ഇല്ലാത്ത ഊർജം . സോളാർ വൈദ്യുതി താരതമ്യേന സുരക്ഷിതമാണ് . ഇടിമിന്നൽ , ഷോർട്ട് സർക്യൂട്ട് , വോൾട്ടേജ് വ്യതിയാനങ്ങൾ പതിവാണ് . സോളാറിലേക്ക് മാറിയാൽ ഇത്തരം പ്രശ്നങ്ങൾ നല്ലൊരു പരിധിവരെ ഒഴിവാക്കാം .
പരിപാലനം -----
സോളാർ പാനലുകളിലെ പൊടി തുടച്ചു വൃത്തിയാക്കണം , ഇത് പാനലുകളുടെ കാര്യക്ഷമത നിലനിർത്താൻ അനിവാര്യമാണ് . നാലോ അഞ്ചോ മാസം കൂടുമ്പോൾ ബാറ്ററിയിലെ വെള്ളത്തിന്റെ അളവ് പരിശോധിച്ചുറപ്പ് വരുത്തണം . നിരവധി ആളുകൾ തന്റെ വീടിന്റെ മാതൃക പിന്തുടർന്ന് സൗരോർജത്തിലേക്ക് മാറിയെന്നു പറയുമ്പോൾ മനോഹറിന്റെ കണ്ണുകളിൽ ചാരിതാർത്ഥ്യം നിറയുന്നു .