
പാലക്കാടൻമട്ടയോട് സാമ്യമുള്ള പുതിയ നെൽവിത്ത് ‘ഗോപിക’ ഇനി വിളയൂരിൽ വിളയും. കരിങ്ങനാട് പാടശേഖരത്തിലെ രണ്ടേക്കറിലാണ് നെൽക്കൃഷി നടപ്പാക്കുന്നത്. പുലാമന്തോൾ ചേലപ്പുറത്ത് ശശിധരനാണ് ഗോപിക നെൽവിത്ത് വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ ജൂണിലാണ് ഇതിന് പേറ്റന്റ് ലഭിച്ചത്. വിത്തിടൽ വിളയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബിഗിരിജ നിർവഹിച്ചു.ശശിധരൻ എട്ടുവർഷത്തോളമായി നടപ്പാക്കിയ പരീക്ഷണത്തിനുശേഷമാണ് ഗോപിക നെൽവിത്തിന് പേറ്റന്റ് ലഭിച്ചത്. പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രം,ഹൈദരാബാദിലെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ, കേന്ദ്രസർക്കാറിനുകീഴിലുള്ള പ്ലാന്റ് പ്രൊട്ടക്ഷൻ വെറൈറ്റി അതോറിറ്റി എന്നിവയുടെ നിരിക്ഷണത്തിലായിരുന്നു പ്രവർത്തനങ്ങൾ.പുലാമന്തോളിലും ആലത്തൂരിലും ഈ പുതിയ നെൽവിത്ത് പരീക്ഷിച്ച് മികച്ചവിളവ് ലഭിച്ചിരുന്നതായി ശശിധരൻ പറഞ്ഞു. അത്യുത്പാദന ശേഷിയുള്ള വിത്താണിത്. ഐശ്വര്യ, ജ്യോതി വിത്തിനങ്ങൾ ഒന്നിച്ചുവിതച്ച് അതിൽനിന്നാണ് പുതിയവിത്തിനം ശശിധരൻ വികസിപ്പിച്ചെടുത്തത്. 120 ദിവസമാണ് മൂപ്പ്.ഉയർന്ന രോഗപ്രതിരോധ ശേഷിയാണ് പ്രധാന പ്രത്യേകത. കാറ്റുവീഴ്ച സംഭവിക്കില്ല. നെൽച്ചെടിയുടെ തണ്ടിന് 90 സെന്റീമീറ്റർ മുതൽ ഒരുമീറ്റർവരെയാണ് നീളം. ഒരു കതിരിൽ 210 നെന്മണികൾ വരെയുണ്ടാവും.2002 മുതൽ നെൽക്കൃഷിയിൽ ശശിധരൻ പരീക്ഷണം നടത്തുന്നുണ്ട്. കൂർക്കയിലും പരീക്ഷണം നടപ്പാക്കിയിരുന്നു. വിളയൂരിൽ കൂർക്ക, സൂര്യകാന്തി കൃഷികളുൾപ്പെടെ ശശിധരന്റെ മേൽനോട്ടത്തിൽ നടപ്പാക്കിയിട്ടുണ്ട്.കരിങ്ങനാട് പാടശേഖരത്തിൽനടന്ന വിത്തിടൽചടങ്ങിൽ പഞ്ചായത്തംഗം ചൈതന്യ സുധീർ, കൃഷി ഓഫീസർ അഷ്ജാൻ, പാടശേഖരസമിതി പ്രസിഡന്റ് കെ.ടി. ഉണ്ണിക്കൃഷ്ണൻ, കൃഷി അസിസ്റ്റന്റ് വിഷ്ണു, സുരേഷ്‌കുമാർ തുടങ്ങിയവരും പങ്കെടുത്തു.