
വാണിയമ്പലത്തു കൗതുകക്കാഴ്ചയായി കാട്ടുതാറാവും 4 കുഞ്ഞുങ്ങളും. കാട്ടുതാറാവുകളെ കാണാൻ കിട്ടുന്നത് അപൂർവമാണ്. ചൂളമടിക്കുന്നതുപോലെ ശബ്ദമുണ്ടാക്കുന്ന ഇവയ്ക്കു ‘ചൂളൻ എരണ്ട’ (വിസിലിങ് ഡക്ക്) എന്നും പേരുണ്ട്. മനുഷ്യസാമീപ്യമുള്ളിടത്തു സാധാരണ വരാറില്ല. ഇവയ്ക്കു നന്നായി നീന്താനും പറക്കാനും കഴിയും. ശത്രുക്കളെ കണ്ടാലുടൻ ചൂളമടിച്ചു വേഗത്തിലോടി പറന്നകലും.ദേശാടനപക്ഷികളാണു കാട്ടുതാറാവുകൾ. വനത്തോടു ചേർന്ന തണ്ണീർത്തടങ്ങളാണ് ഇഷ്ട ആവാസസ്ഥലം. ഉത്തരേന്ത്യയിലും അതിർത്തി രാജ്യങ്ങളിലും ഒട്ടേറെയുണ്ടായിരുന്ന ഇവ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിലാണ്.3 വർഷം മുൻപു വയനാട്ടിൽ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ നീർപ്പക്ഷി സെൻസസിൽ ചൂളൻ എരണ്ട ഉൾപ്പെടെ 46 ഇനങ്ങളെ കണ്ടെത്തിയിരുന്നു.കാട്ടുതാറാവുകൾ മരപ്പൊത്തുകളിലാണു മുട്ടിയിടാറ്. കുഞ്ഞുങ്ങൾ വിരിഞ്ഞാൽ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലേക്കിറങ്ങും. കുഞ്ഞുങ്ങളോടൊപ്പം നീന്തിത്തുടിക്കുമ്പോൾ മാത്രമാണു കൂടുതൽ നേരം കാണാൻ കഴിയുക. അമ്മത്താറാവിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രം വന്യജീവി ഫൊട്ടോഗ്രഫർ കൂടിയായ ദാസൻ വാണിയമ്പലമാണു പകർത്തിയത്. സമീപത്തെ വെള്ളക്കെട്ടിൽ നീന്തിത്തുടിക്കുന്ന മനോഹരദൃശ്യവും പകർത്തി.