
ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങൾ വൈവിധ്യമാർന്ന കൂണുകളുടെ ആവാസകേന്ദ്രം കൂടിയാണെന്ന് പഠനത്തിൽ കണ്ടെത്തി.ദേശീയ ശലഭോദ്യാനമായി ആറളത്തെ മാസങ്ങൾക്ക് മുൻപാണ് സർക്കാർ പ്രഖ്യാപിച്ചത്.വനംവകുപ്പ് ആറളം വൈൽഡ് ലൈഫ് ഡിവിഷനും മഷ്‌റും ഓഫ് ഇന്ത്യ കമ്യൂണിറ്റിയും ചേർന്ന് ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽ മൂന്നുദിവസം നടത്തിയ സർവേയിലാണ് കൂണുകളുടെ വൈവിധ്യം കണ്ടെത്തിയത്.അപൂർവയിനം ഫംഗസ് ഉൾപ്പെടെ 173 ഇനം കൂണുകളാണ് കണ്ടെത്തിയത്. ഇതിൽ ഭക്ഷ്യയോഗ്യമായതും ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതും വിഷമുള്ളതും ഉൾപ്പെടുന്നു. ആറളം വന്യജീവിസങ്കേതത്തിലെ പരിപ്പുതോട്, വളയംചാൽ, മീൻമുട്ടി, നരിക്കടവ് എന്നിവിടങ്ങിലും കൊട്ടിയൂർ വന്യജീവിസങ്കേതത്തിലെ ആറ് ക്യാമ്പുകളിലുമാണ് സർവേ നടത്തിയത്. ആദ്യമായാണ് കൂണുകളെക്കുറിച്ചുള്ള സർവേ വന്യജീവിസങ്കേതത്തിൽ നടക്കുന്നത്. കണ്ടെത്തിയ ഓരോ കൂണും ആകൃതി, വലുപ്പം, ഗന്ധം, രുചി, ഘടന എന്നിവയിൽ ഏറെ വ്യത്യസ്തമാണ്. മാലിന്യം വിഘടിപ്പിക്കൽ,പോഷകചംക്രമണം തുടങ്ങി ആവാസവ്യവസ്ഥയിൽ ഏറെ പങ്കുവഹിക്കുന്നതാണ് കൂണുകൾ. ഗീസ്ട്രം, ഒഫിയോകോർഡിസെപ്‌സ്,ട്രമേറ്റെസ് സാങ്ഗുനിയ, ഹൈഗ്രോസൈബ് മിനിയാറ്റ, കുക്കീന, ഓറിക്കുലാരിയ ഡെലിഗേറ്റ്, ഫിലോബോലെറ്റസ് മണിപുലാരിസ്, ബ്ലാക്ക് വൈൽമൈസസ് എന്നിവയാണ് കണ്ടെത്തിയ പ്രധാന ഇനം കൂണുകൾ.ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശന്റെ നേതൃത്വത്തിൽ ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ആർ. ഷാജീവ് കുമാർ, ഡോ. ജിനു മുരളീധരൻ, എം.ടി. ഹരികൃഷ്ണൻ, വ്യോം ഭട്ട്, ഡോ. സി.പി. ആര്യ, ഡോ. ശീതൾ ചൗധരി, ഡോ. ഏല്യാസ് റാവുത്തർ എന്നിരുടെ നേതൃത്വത്തിൽ 23 അംഗസംഘമാണ് സർവേ നടത്തിയത്.