
തേങ്ങവില ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ രാജകീയപദവിയിലേക്കുയര്‍ന്ന തെങ്ങില്‍നിന്ന് വരുമാനവര്‍ധനയ്ക്ക് സഹായിക്കുന്ന ഒരു ഗവേഷണഫലംകൂടി. പറമ്പില്‍ വീണ് അഴുകിപ്പോകുന്ന, വിറകടുപ്പില്‍ ചാരമായി ഒടുങ്ങുന്ന ഓലമടലാണ് ഇനി താരം.
ഓലമടലിന്റെ മുകള്‍ഭാഗത്തുള്ള 'വഴുക' എന്നറിയപ്പെടുന്ന വള്ളി(റാച്ചിസ്- Rachis)യില്‍നിന്ന് ഉന്നതഗുണനിലവാരമുള്ള ഉത്തേജിതകരി (ആക്ടിവേറ്റഡ് കാര്‍ബണ്‍) നിര്‍മിക്കാമെന്ന് കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിന് കീഴിലുള്ള അമൃത സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിലെ ഗവേഷകര്‍ കണ്ടെത്തി. ഇവിടത്തെ ഗ്രീന്‍ എനര്‍ജി ലാബില്‍ മൂന്നുവര്‍ഷമാണ് പഠനം നടന്നത്. ചിരട്ടയില്‍നിന്ന് കിട്ടുന്ന ഉത്തേജിതകരിയെക്കാള്‍ 47 ശതമാനം ഊര്‍ജം സംഭരിച്ചുവെക്കാന്‍ വഴുകയിലെ ഉത്തേജിതകരിക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍.
ഫിസിക്സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി.ഒ. ശ്രീകലയുടെ കീഴില്‍ ഡോ. ബി. ദേവുവാണ് ഗവേഷണം നടത്തിയത്. മലേഷ്യയിലെ പഹാങ് അല്‍ സുല്‍ത്താന്‍ അബ്ദുള്ള സര്‍വകലാശാലയും സഹകരിച്ചു. ഇവിടത്തെ അഡ്വാന്‍സ്ഡ് ഇന്റലിജന്റ് മെറ്റീരിയല്‍ സെന്ററിലെ പ്രൊഫ. രാജന്‍ ജോസിന്റെ മേല്‍നോട്ടവുമുണ്ടായി.
ഉത്തേജിതകരി നിര്‍മാണരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമായ ഈ കണ്ടുപിടിത്തത്തിന് ഇന്ത്യയിലും അമേരിക്കയിലും പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്. കൂടാതെ, വ്യാവസായികമായി വഴുകയില്‍നിന്നുള്ള ഉത്തേജിതകരി നിര്‍മാണത്തിനും നടപടിതുടങ്ങിയെന്ന് ഡോ. സി.ഒ. ശ്രീകല പറഞ്ഞു. ഉത്തേജിതകരി നിര്‍മാണസ്ഥാപനവുമായി സഹകരിച്ചാണിത്.
വ്യാവസായികാടിസ്ഥാനത്തിലുള്ള പരീക്ഷണം വിജയിച്ചാല്‍ കര്‍ഷകര്‍ക്ക് ഓലമടലില്‍നിന്ന് വരുമാനം ലഭിക്കും. ഊര്‍ജ-ജലശുദ്ധീകരണ മേഖലയില്‍ ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡാണ് ഉത്തേജിതകരിക്ക്. 10.19 ലക്ഷം ടണ്‍ ഉത്തേജിതകരിയാണ് വിവിധരാജ്യങ്ങള്‍ കഴിഞ്ഞവര്‍ഷം ഇറക്കുമതിചെയ്തത്.
ഗവേഷണഫലം ഇങ്ങനെ
വഴുക സാധാരണ കരിയാക്കിയ ശേഷം ഇതിനെ നിയന്ത്രിത വായു പ്രവാഹത്തില്‍ 450 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കിയപ്പോള്‍ ബിസിടി ക്രിസ്റ്റല്‍ (ബോഡി സെന്‍ ട്രേഡ് ടെട്രാഗണല്‍) അഥവാ തേനറരൂപത്തിലുള്ള കാര്‍ബണ്‍ ലഭിച്ചു. ഏറ്റവും സവിശേഷമായ കാര്‍ബണ്‍ഘടനയാണ് ഇതെന്ന് ഗവേഷകസംഘം കണ്ടെത്തി. ചിരട്ടയില്‍നിന്നുള്ള ഉത്തേജിതകരിയെക്കാള്‍ പ്രതലവിസ്തൃതി കൂടുതലാണ് ഈ കരിക്ക്. ഊര്‍ജസംഭരണശേഷിയും ചിരട്ടയെക്കാള്‍ 47 ശതമാനം കൂടുതല്‍.
ചിരട്ടയില്‍നിന്നുള്ള ഉത്തേജി തകരി ഒരു ഗ്രാമില്‍ സംഭരിക്കുന്നത് 218 ഫാരെഡ് (വൈദ്യുതിവി ശ്ലേഷണത്തില്‍ ഉപയോഗിക്കുന്ന ഏകകം) ഇലക്ട്രിക് ചാര്‍ജാണ്. എന്നാല്‍, വഴുകയില്‍നിന്നുള്ള ഉത്തേജിതകരി 320 ഫാരെഡ് ചാര്‍ജ് സംഭരിക്കുന്നു. വഴുകയിലെ കാര്‍ബണിന്റെ സുഷിരങ്ങള്‍ക്ക് രണ്ട് നാനോമീറ്ററാണ് വിസ്തൃതി. ചിരട്ടക്കരിയുടേത് 100 നാനോ മീറ്റര്‍. അതിസൂക്ഷ്മമായ കണികകളെപ്പോലും സംഭരിക്കാന്‍ വഴുകയിലെ കരിക്ക് കഴിയും.
ഈ ഉത്തേജിതകരികൊണ്ട് മലിനജലം ശുദ്ധീകരിച്ചും പരീക്ഷണം നടത്തി. ഈയം, കാഡ്മിയം എന്നീ വിഷലോഹങ്ങള്‍ കലര്‍ത്തിയ വെള്ളമാണ് ശുദ്ധീകരിച്ചത്. 96 ശതമാനം ലോഹത്തിന്റെ അംശവും നിര്‍വീര്യമായതായി കണ്ടെത്തി. വഴുക ഉത്തേജിതകരിയുടെ ചാര്‍ജ് സ്റ്റോറിങ്, ജലശുദ്ധീകരണം. സ്ട്രക്ചറല്‍, ഇലക്ട്രിക്കല്‍ സവിശേഷതകളെല്ലാം പഠിച്ചു. ഇനി മെക്കാനിക്കല്‍ സവിശേഷതകളാണ് പഠിക്കേണ്ടത്.