Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Saturday, July 12, 2025

Latest News

Archive

ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം; നിർണായകമായത് വരയാടുകളും നീലക്കുറിഞ്ഞിയും (Source: Mathrubhumi.com 27.06.2025)

 

nilgiri tahr

ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2020-2025-ലെ മാനേജ്‌മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷന്‍ (എംഇഇ) റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്.92.97 % മാര്‍ക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്. ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളെ ആസ്പദമാക്കി ആഗോള നിലവാരത്തിലുള്ള ഐയുസിഎന്‍-ഡബ്ല്യുസിപിഎ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് കേരളം ദേശീയതലത്തില്‍ തന്നെ മുന്നിലെത്തിയത്.വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസവ്യവസ്ഥയാല്‍ ശ്രദ്ധേയമാണ് ഇരവികുളം. ലോകത്ത് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്നതും കടുത്ത വംശനാശഭീഷണി നേരിടുന്നതുമായ അതീവ സംരക്ഷണ പ്രാധാന്യമർഹിക്കുന്ന വന്യജീവികളാണ് നീല​ഗിരി താർ എന്നറിയപ്പെടുന്ന വരയാടുകൾ.നീലക്കുറിഞ്ഞി ഉള്‍പ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും അപൂര്‍വതയാണ്. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ-ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തവും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു.മികച്ച സംരക്ഷണവും പരിപാലനവും സാധ്യമാക്കിയ കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ അംഗീകാരം ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ സുവർണജൂബിലിക്ക് സമര്‍പ്പിക്കുന്നതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പ്രമോദ്.ജി.കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.