Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Sunday, August 24, 2025

Latest News

Archive

'സിന്ദൂർ, ആറ്റം, വ്യോം, സോഫിയ'; ഓപ്പറേഷന്‍ സിന്ദൂറിന് ആദരമായി അപൂർവപക്ഷികള്‍ക്ക് പേരിട്ട് രാജസ്ഥാൻ (Source: Mathrubhumi.com 08.06.2025)

great indian bustard

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നില്‍ പ്രവര്‍ത്തിച്ച സൈനിക ഉദ്യോഗസ്ഥരോടുളള ആദരസൂചകമായി അവരുടെ പേരുകള്‍ അപൂര്‍വ്വ പക്ഷിയായ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകള്‍ക്ക് നല്‍കി രാജസ്ഥാന്‍. സിന്ദൂര്‍, ആറ്റം, മിശ്രി, വ്യോം, സോഫിയ തുടങ്ങിയ പേരുകളാണ് സുധാസരി, സാം തുടങ്ങിയ ഇടങ്ങളിലെ സംരക്ഷണകേന്ദ്രങ്ങളിലുള്ള ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയത്.രാജ്യത്ത് ഗുരുതര വംശനാശഭീഷണി നേരിടുന്ന പക്ഷിവിഭാഗമാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകള്‍. ഇവയുടെ സംരക്ഷണത്തിനായി പ്രൊജക്ട് ജിഐബി (ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്) എന്നൊരു പദ്ധതിയും പ്രാബല്യത്തിലുണ്ട്. ഈ വര്‍ഷം ഇതുവരെ പ്രൊജക്ട് ജിഐബിയുടെ ഭാഗമായി 21 ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് കുഞ്ഞുങ്ങളാണ് പിറന്നത്.മേയ് അഞ്ചിന് ജനിച്ച ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ കുഞ്ഞിന് ഓപ്പറേഷന്‍ സിന്ദൂറിനോടുള്ള ആദരസൂചകമായി 'സിന്ദൂര്‍' എന്നാണ് പേരുനല്‍കിയത്. മേയ് ഒന്‍പതിന് ഓപ്പറേഷന്‍ സിന്ദൂരിന്റെ ശക്തിയെ സൂചിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ കുഞ്ഞിന് പേര് നല്‍കിയത് 'ആറ്റം' എന്നാണ്.സൈബര്‍ ഇന്റലിജന്‍സ് ഓഫീസറോടുള്ള ആദരസൂചകമായി മേയ് 19-ന് ജനിച്ച കുഞ്ഞിന് 'മിശ്രി' എന്നാണ് പേരുനല്‍കിയത്.ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് ഔദ്യോഗിക വാര്‍ത്താസമ്മേളനം നടത്തിയ സൈനിക ഉദ്യോഗസ്ഥരുടെ പേരും ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മേയ് 23-ന് ജനിച്ച ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ കുഞ്ഞിന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനോടുള്ള ആദരസൂചകമായി 'വ്യോം' എന്ന പേരാണ് നല്‍കിയത്. കേണല്‍ സോഫിയ ഖുറേഷിയോടുള്ള ആദരസൂചകമായി മേയ് 24-ന് ജനിച്ച ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ കുഞ്ഞിന് 'സോഫിയ' എന്നും പേരുനൽകി.ഒരുകാലത്ത് രാജ്യത്ത് സര്‍വസാധാരണമായിരുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകളുടെ എണ്ണം കുറയാന്‍ ആവാസവ്യവസ്ഥാ നാശം, വേട്ടയാടല്‍ തുടങ്ങിയവ കാരണങ്ങളായി. 150-ഓളം ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകൾ മാത്രമാണ് രാജ്യത്ത് ശേഷിക്കുന്നത്. ഇവയില്‍ ഏറിയപങ്കും രാജസ്ഥാനിലാണുള്ളത്.ഇവയുടെ സംരക്ഷണം ലക്ഷ്യംവെച്ചാണ് പരിസ്ഥിതി മന്ത്രാലയം, വൈല്‍ഡ്‌ലൈഫ് ഓഫ് ഇന്ത്യ, രാജസ്ഥാന്‍ വനംവകുപ്പ് തുടങ്ങിയവര്‍ സംയുക്തമായി 2018-ല്‍ പ്രൊജക്ട് ജിഐബിക്ക് തുടക്കം കുറിച്ചത്. സുധാസരി, സാം തുടങ്ങിയിടങ്ങളിലുള്ള ബ്രീഡിങ് കേന്ദ്രങ്ങളില്‍ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകള്‍ക്കായി അത്യാധുനിക സംവിധാനങ്ങളുണ്ട്. സ്വാഭാവിക ആവാസവ്യവസ്ഥയോട് ഇവയെ പൊരുത്തപ്പെടുത്തുന്നതിന്റെ ഭാഗമായി കൃത്രിമ സാഹചര്യങ്ങള്‍ ഈ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.