കേരളത്തിന്റെ സ്വന്തം പൂവും മൃഗവും പൂമ്പാറ്റയും മത്സ്യവും നമുക്ക് സുപരിചിതമാണ്. എന്നാൽ, 2023-ൽ കാസർഗോഡ് ജില്ലക്ക് ഔദ്യോഗിക പക്ഷിയും (വെള്ള വയറൻ കടൽ പരുന്ത്) മൃഗവും (പാലപ്പൂവൻ ആമ) പൂവും (പെരിയ പോളത്താളി) വൃക്ഷവും (കാഞ്ഞിരം) നിലവിൽ വരികയുണ്ടായി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ജില്ലക്ക് സവിശേഷമായി പൂവും മൃഗവും വൃക്ഷവും പക്ഷിയും പ്രഖ്യാപിക്കപ്പെടുന്നത്. ഇപ്പോഴിതാ കോഴിക്കോട് ജില്ലക്കും ഔദ്യോഗിക ജന്തുവും പക്ഷിയും മത്സ്യവും പൂവും പൈതൃക വൃക്ഷവും ജലജന്തുവും നിലവിൽ വന്നിരിക്കുന്നു. കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെയാണ് തെരഞ്ഞെടുപ്പും പ്രഖ്യാപനവും.ജില്ലയിലെ ജീവജാലങ്ങളിൽനിന്ന് അപൂർവവും സംരക്ഷണം അർഹിക്കുന്നതും പൈതൃകപ്രാധാന്യമുള്ളതുമായ ജീവജാതിയെയാണ് ജില്ലയുടെ ഔദ്യോഗിക വൃക്ഷവും പൂവും ജന്തുവും പൂമ്പാറ്റയും പൈതൃക സസ്യവും മൽസ്യവുമായി തെരഞ്ഞടുക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജീവജാതികളിൽ സമൂഹത്തിന്റെ ശ്രദ്ധ പതിയുമെന്നതാണ് ഈ പ്രഖ്യാപനത്തിന്റെ ഒരു ലക്‌ഷ്യം. ഈ ജീവജാതികൾ സംരക്ഷണം അർഹിക്കുന്നവയാണെന്ന ബോധം ജനങ്ങളിലുണ്ടാകും.
