%20(1).jpg?$p=f335a97&f=16x10&w=852&q=0.8)
സൊമാലിയയില്‍നിന്ന് വിശ്രമമില്ലാതെ മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ഒരു അതിഥി ഇന്ത്യയിലെത്തിയ സന്തോഷത്തിലാണ് ഗവേഷകര്‍. ചിയുലുയാന്‍ 2 എന്ന് പേരുനല്‍കിയിരിക്കുന്ന ആണ്‍ വിഭാഗത്തില്‍പ്പെടുന്ന അമുര്‍ ഫാല്‍ക്കണ്‍ (Falco amurensis) ആണ് ആ അതിഥി. സൊമാലിയയില്‍നിന്ന് 3,800 കിലോമീറ്റര്‍ താണ്ടി ഇന്ത്യയിലെത്താന്‍ വെറും 93 മണിക്കൂര്‍ മാത്രമേ ചിയുലുയാന്‍ 2-ന് വേണ്ടിവന്നുള്ളൂ. വിശ്രമമോ ഇടവേളകളോ ഇല്ലാതെയായിരുന്നു ഈ യാത്ര.റേഡിയോ ടാഗ് ചെയ്തിട്ടുള്ള ഈ അമുര്‍ ഫാല്‍ക്കണിന്റെ സാന്നിധ്യം ഏപ്രില്‍ 30-ന് പടിഞ്ഞാറന്‍ ഒഡിഷയില്‍ രേഖപ്പെടുത്തി. 2024 നവംബറിലാണ് ഈ അമുര്‍ ഫാല്‍ക്കണിനെ മണിപ്പുരിലെ തമേംഗ്ലോങ് ജില്ലയില്‍ വെച്ച് റേഡിയോ ടാഗ് ചെയ്തിരുന്നത്. ദേശാടനസ്വഭാവമുള്ള ഈ പക്ഷിയിനത്തെ പറ്റി കൂടുതല്‍ അറിയുന്നതിനായി വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ഇതിനെ റേഡിയോ ടാഗ് ചെയ്തത്. മണിപ്പുര്‍ വനംവകുപ്പും ഈ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമേംഗ്ലോങ് ജില്ലയിലെ ഒരു സ്ഥലപേരാണ് ഈ അമുര്‍ ഫാല്‍ക്കണ് ഗവേഷകര്‍ സമ്മാനിച്ചത്.ശീതക്കാലം ബോട്‌സ്വാനയില്‍ ചെലവഴിച്ച ശേഷം വിശ്രമത്തിനായി ഈ അമുര്‍ ഫാല്‍ക്കണ്‍ തിരഞ്ഞെടുത്തത് സൊമാലിയയാണ്. അവിടെ നിന്ന് ഏപ്രില്‍ മാസം അവസാനമായിരുന്നു ഇന്ത്യയിലേക്കുള്ള അമുര്‍ ഫാല്‍ക്കണിന്റെ യാത്ര. നാലുദിവസത്തിനുള്ളില്‍ ലക്ഷ്യസ്ഥാനം എത്തുകയും ചെയ്തു.അറബിക്കടലിനും മുകളിലായി വിശ്രമിക്കാതെയുള്ള പറക്കലിനൊടുവിലാണ് ഈ അമുര്‍ ഫാല്‍ക്കണ്‍ അതിവേഗം ഇന്ത്യയിലെത്തിയത്. കടലിന് മുകളിലായി മണിക്കൂറില്‍ ശരാശരി 41 കിലോമീറ്റര്‍ വേഗതയിലാണ് ചിയുലുയാന്‍ 2 പറന്നത്.ദേശാടനപക്ഷികളില്‍ തന്നെ വളരെ ദൂരം യാത്ര നടത്തുന്ന പക്ഷികളാണ് അമുര്‍ ഫാല്‍ക്കണുകള്‍. കിഴക്കന്‍ ഏഷ്യയിലെ പ്രജനന കേന്ദ്രങ്ങള്‍ക്കും തെക്കന്‍ ആഫ്രിക്കയില്‍ ശീതക്കാലം ചെലവഴിക്കുന്ന മേഖലകള്‍ക്കുമിടയില്‍ 22,000 കിലോമീറ്ററുകളോളം പ്രതിവര്‍ഷം അമുര്‍ ഫാല്‍ക്കണുകള്‍ സഞ്ചാരിക്കാറുണ്ട്.റിപ്പോര്‍ട്ടുകള്‍ പ്രകാരം 114 ദിവസം ചിയുലുയാന്‍ 2 തെക്കന്‍ ആഫ്രിക്കയില്‍ ചെലവഴിച്ചു. ബോട്‌സ്വാനയില്‍നിന്ന് മടക്കയാത്ര ആരംഭിക്കുന്നത് 2025 ഏപ്രില്‍ എട്ടിനാണ്.വടക്കുകിഴക്കന്‍ ഇന്ത്യയില്‍, പ്രധാനമായും മണിപ്പൂരിനെയും നാഗാലാന്‍ഡിനെയുമാണ് ദേശാടന യാത്രയ്ക്കിടെ വിശ്രമിക്കാനും ഭക്ഷണത്തിനുമായി ആയിരക്കണക്കിന് അമുര്‍ ഫാല്‍ക്കണുകള്‍ പ്രതിവര്‍ഷം ആശ്രയിക്കുന്നത്. ചിയുലുയാന്‍ 2 എന്ന അമുര്‍ ഫാല്‍ക്കണിന്റെ വരവ് അമുര്‍ ഫാല്‍ക്കണുകളുടെ വിശ്രമമില്ലാതെയുളള യാത്രയെ മാത്രമല്ല, അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. 2018-ലാണ് അമുര്‍ ഫാല്‍ക്കണുകളെ റേഡിയോ ടാഗ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുന്നത്.