.jpg?w=1120&h=583)
തൂവെള്ള രോമങ്ങളാൽ ദേഹം നിറഞ്ഞ വെള്ളമാനിനെ (ആൽബിനോ ഡീർ) വയനാട് വന്യജീവി സങ്കേതത്തിൽ വീണ്ടും കണ്ടെത്തി. ബത്തേരി– വടക്കനാട് റോഡരികിൽ പച്ചാടി വനമേഖലയിലാണു പൂർണമായും വെളുത്ത നിറത്തിനുള്ള മാനിനെ കണ്ടത്. വന്യജീവികൾ വെള്ളം കുടിക്കാനെത്തുന്ന താമരക്കുളത്തിനു സമീപത്തുനിന്നു കാട്ടിലൂടെ നീങ്ങുകയായിരുന്നു മാൻ. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിലും വയനാടിനോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ വനമേഖലയിലും മുൻപു വെള്ളമാനുകളെ കണ്ടിട്ടുണ്ട്.മ്ലാവ് അല്ലെങ്കിൽ കലമാൻ വർഗത്തിൽപെട്ട മാനിന്റെ കുട്ടിയാണിതെന്നാണു പ്രാഥമിക നിഗമനം. മ്ലാവുകളെല്ലാം തവിട്ടു നിറത്തിലുള്ളവയാണ്. ജനിതക തകരാറുകൾ മൂലം മെലാനിന്റെ അളവു കുറയുന്നതാണ് രോമങ്ങൾ വെള്ളയാകാൻ കാരണമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു.പുള്ളിമാനുകളുടെ വലിപ്പമുള്ള വെള്ളമാനിനെയാണ് ഇന്നലെ കണ്ടത്. വെളുത്ത നിറമായതിനാൽ വളരെ വേഗം മാംസഭുക്കുകളുടെ കണ്ണിൽ ഇവ പെടുമെന്നും അധികകാലം അതിജീവിക്കാൻ കഴിയാറില്ലെന്നും വനപാലകർ പറയുന്നു. രാവിലെ എട്ടരയോടെ വടക്കനാടു നിന്നു വനമേഖലയിലൂടെ വീട്ടിലേക്കു ബൈക്കിൽ വരുമ്പോൾ പ്രദേശവാസിയായ പഴേരി വീട്ടിക്കുറ്റി സുജിത്താണു ദൃശ്യം പകർത്തിയത്.നേരത്തെ, കശ്മീരിലും അസമിലും വെള്ളമാനുകളെ കണ്ടിട്ടുണ്ട്.