
ഓറഞ്ച് നിറത്തിലുള്ള കടൽപന്നികൾ, കൈവലുപ്പമുള്ള കടൽച്ചിലന്തികൾ, കടൽശലഭങ്ങൾ എന്നിവയെ അന്റാർട്ടിക്കയിൽ കടലടിത്തട്ടിൽ നിന്നു കണ്ടെത്തി. ഐസ്‌ബ്രേക്കർ കപ്പലായ ആർഎസ്‌വി നുയിനയിൽ നടത്തിയ പര്യവേഷണത്തിലാണ് ഇവയെ കിട്ടിയത്. 60 ദിവസത്തെ പര്യവേക്ഷണ യാത്രയ്ക്കു പുറപ്പെട്ടതാണ് ഈ കപ്പൽ. കിഴക്കൻ അന്‌റാർട്ടിക്കയിലെ ഏറ്റവും വേഗത്തിലുരുകുന്ന ഹിമാനിയായ ഡെൻമാൻ ഗ്ലേസിയറിനെക്കുറിച്ച് പഠിക്കാനാണ് ഈ കപ്പൽ പുറപ്പെട്ടത്. ഇതിനിടെയിലാണ് ഈ വിചിത്രജീവികളെ കണ്ടെത്തിയത്.കടൽ വെള്ളരി അഥവാ സീ കുക്കുമ്പർ വിഭാഗത്തിൽപെടുന്ന ജീവിയാണു കടൽ പന്നി. 4 മുതൽ 15 സെന്‌റിമീറ്റർ വരെ നീളമുള്ള ഇവയ്ക്ക് ആകാരത്തിൽ പന്നികളുമായി സാമ്യമുള്ളതാണു കടൽപന്നി എന്ന പേര് ലഭിക്കാൻ കാരണം. സമുദ്രത്തിന്‌റെ ഉപരിതലത്തിൽ നിന്ന് ഒന്ന് മുതൽ 6 കിലോമീറ്റർ വരെ താഴ്ചയിലാണ് ഈ ജീവികൾ കാണപ്പെടുന്നത്. ഉപരിതലത്തിൽ നിന്നു താഴേക്കു പതിക്കുന്ന ജൈവ വസ്തുക്കളാണ് ഇവയുടെ ഭക്ഷണം. കടൽച്ചിലന്തികൾ ചിലന്തി വർഗത്തിൽപ്പെട്ടവയല്ല.ഇവയ്ക്കു ഞണ്ടുകളോടാണു കൂടുതൽ സാമ്യം. 8 കാലുകളും ചെറിയ ശരീരവുമുള്ള ഇവ പക്ഷേ കണ്ടാൽ ചിലന്തികളെ അനുസ്മരിപ്പിക്കുന്നവയാണ്.കടൽശലഭം യഥാർഥത്തിൽ കടലൊച്ച് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ്. എന്നാൽ കടലിലൂടെ ഇവ സഞ്ചരിക്കുന്നത് കണ്ടാൽ പറക്കുന്നതു പോലെ തോന്നും.