Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Sunday, August 31, 2025

Latest News

Archive

പശ്ചിമഘട്ടത്തിൽ നിന്ന് 2 പുതിയ വൃക്ഷങ്ങൾ കണ്ടെത്തി ഗവേഷകർ (Source: Malayala Manorama 28.07.2024)

 

ജൈവ വൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തിൽ നിന്നു രണ്ടു പുതിയ വൃക്ഷങ്ങൾ കൂടി കണ്ടെത്തി. കറുവയും വഴന (വയന)യുമൊക്കെ ഉൾക്കൊള്ളുന്ന ലൊറേസിയെ കുടുംബത്തിൽപ്പെട്ട ബീൽഷ്മീഡിയ കേരളാനാ, തെച്ചിയോടും പാവെട്ടയോടുമൊക്കെ സാദൃശ്യമുള്ള റൂബിയേസിയേ കുടുംബത്തിൽപ്പെട്ട റ്റാറിനാ ഇടുക്കിയാനാ എന്നിവയാണ് പുതിയ വൃക്ഷങ്ങൾ. അഗസ്ത്യമലയുടെ ഭാഗമായ ചെമ്മുഞ്ചി മലകളിൽനിന്നുമാണ് പുതിയ കറുവ കണ്ടെത്തിയത്. ഇടുക്കി ഏലപ്പാറ മലനിരകളിലെ സംരക്ഷിത വനമേഖലക്കു പുറത്തു നിന്നാണ് പുതിയ തെച്ചി കണ്ടെത്തിയത്. ഒരുകാലത്തു നിബിഡ വനമായിരുന്ന ഇടുക്കിയിലെ ഏലമലക്കാടുകൾ പിന്നീട് ഏലം കൃഷിക്കും തേയില കൃഷിക്കുമൊക്കെ വഴിമാറിയപ്പോൾ അവശേഷിച്ച ചോലക്കാടുകളിൽ ഒറ്റപ്പെട്ടുപോയ അപൂർവ വൃക്ഷമാണ് റ്റാറിനാ ഇടുക്കിയാനാ. ഏതാനും ചില വൃക്ഷങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കറുവ കുടുംബത്തിലെ 12 ഇനങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. കേരളത്തിൽ കാണപ്പെടുന്ന 4 ഇനങ്ങളും പശ്ചിമഘട്ടത്തിൽ മാത്രമാണുള്ളത്. അഗസ്ത്യമലയിലാണെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ഈ വൃക്ഷത്തിന്റെ സംരക്ഷണത്തിന് അടിയന്തിര ഇടപെടൽ അനിവാര്യമാണെന്ന് ഗവേഷകർ പറഞ്ഞു. മല്ലപ്പള്ളി തുരുത്തിക്കാട് ബിഎഎം കോളജ് ബോട്ടണി അധ്യാപകരായ ഡോ. എ. ജെ. റോബി, ഡോ. അനൂപ് പി. ബാലൻ, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അധ്യാപകനായ ഡോ. വി. പി. തോമസ്, പീച്ചി കേരള വന ഗവേഷണ കേന്ദ്രം സീനിയർ കൺസൾറ്റന്റ് ഡോ. പി. എസ്. ഉദയൻ എന്നിവരടങ്ങിയ ഗവേഷക സംഘമാണ് പുതിയ വൃക്ഷങ്ങളെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിയത്. ഇവരുടെ കണ്ടെത്തൽ റീഡിയ, ഫൈറ്റൊറ്റാക്സ എന്നീ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചു.