പരിസ്ഥിതി
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം.വടക്ക് അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്ക് രേഖാംശം74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്നാട്, വടക്ക് കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതല്‍ 121 കിലോ മീറ്റര്‍ വരെ വീതിയുള്ള കേരളത്തിലെ അതിര്‍ത്തികള്‍. മലയാളഭാഷസംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന (നാഗര്‍കോവില്‍, കന്യാകുമാരി താലൂക്കുകള്‍ ഒഴികെയുള്ള) തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണ കര്‍ണ്ണാടകത്തിലെ കാസര്‍ഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956-ലാണ് ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപവത്കരിച്ചത്. 580 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ് കേരളത്തിന്‍റെ തീരപ്രദേശം
കാലാവസ്ഥ
ഭൂമധ്യരേഖയില്‍ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാല്‍ കേരളത്തില്‍ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകള്‍ മഴമേഘങ്ങളേയും ഈര്‍പ്പത്തിനേയും തടഞ്ഞു നിര്‍ത്തുന്നതും മൂലം, സമശീതോഷ്ണ കാലാവസ്ഥയാണുള്ളത്. കേരളത്തില്‍ കാലാവസ്ഥകള്‍ വ്യക്തമായി വ്യത്യാസം പുലര്‍ത്തുന്നവയാണ്. രണ്ട് മഴക്കാലങ്ങള്‍ ആണ് ഉള്ളത്. കാലവര്‍ഷവും തുലാവര്‍ഷവും.ശൈത്യകാലം, വേനല്‍ക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. കൂടിയആര്‍ദ്രത മൂലം അന്തരീക്ഷ ഊഷ്മാവില്‍ വര്‍ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു.
ശൈത്യകാലം
ഭൂമധ്യരേഖയില്‍ നിന്ന് അകന്ന പ്രദേശങ്ങള്‍ പോലെ വളരെ കുറഞ്ഞ താപനില കേരളത്തില്‍ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നേ കുറവായിരിക്കും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോള്‍ ആകാറുണ്ട്. എന്നാല്‍ കൂടിയ താപനില 23 നു താഴെ നില്‍ക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാര്‍ പോലെയുള്ള കുന്നിന്‍പ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വളരെ ഇഷ്ടമാകുന്നതിനാല്‍ വിദേശീയരായ സന്ദര്‍ശകര്‍ കൂടുതല്‍ ഉണ്ടാവുന്ന ഒരു കാലമാണിത്. ഏറ്റവും കൂടിയ മഴയുടെ അളവ് 5 സെ.മീ.ല്‍ താഴെയാണ്.
വേനല്‍ക്കാലം
കേരളത്തില്‍ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ മേയ് വരെയാണ്. ഈ സമയത്താണ് ഇവിടെ ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. എന്നാല്‍ മറ്റിടങ്ങളിലില്ലാത്ത തരം വേനല്‍ മഴ കേരളത്തിന്‍റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാര്‍ച്ച് മേയ് മാസങ്ങളിലെ താപനില കുറയ്ക്കാന്‍ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്. കണ്ണൂര്‍ ജില്ലയിലെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ , മലപ്പുറം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങള്‍ പാലക്കാട് ജില്ല എന്നിവിടങ്ങളില്‍ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ഇക്കാലത്താണ്.
മഴക്കാലം
ഇത് വ്യക്തമായ രീതിയില്‍ രണ്ട് കാലങ്ങളിലായാണ് വരുന്നത്: ഇടവപ്പാതി, തുലാവര്‍ഷം.
ഇടവപ്പാതി:-ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം പൊതുവേ കാലവര്‍ഷം എന്ന പേരിലും പരാമര്‍ശിക്കപ്പെടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവം പകുതിയില്‍ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലില്‍ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങള്‍ പശ്ചിമഘട്ടത്തിന്‍റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവര്‍ഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. കേരളത്തിലെ മഴയുടെ നാലില്‍ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ് പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോള്‍ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വര്‍ഷത്തില്‍ ശരാശരി 302.26 സെന്‍റെമീറ്റര്‍ മഴ ലഭിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഇത് 163 സെ. മീ. മാത്രമാണ്.
തുലാവര്‍ഷം:-വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലം എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിലാണ് പെയ്യുന്നത്. അതായത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ. സംസ്ഥാനത്തിന്‍റെ തെക്ക് പ്രദേശങ്ങളിലാണ് ഈ മഴ കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളില്‍ ആണ് കൂടുതലായും പെയ്യുക , മാത്രവുമല്ല മഴയ്ക്ക് മുമ്പ് ഇടി മിന്നലിന്‍റെ വരവേല്പ് ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂര്‍, കുറ്റ്യാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.
ഭൂപ്രകൃതി:ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
മലനാട്:- സമുദ്രനിരപ്പില്‍ നിന്ന് 75മീറ്ററിര്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങള്‍. 18653 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള കേരളത്തിന്‍റെ 48 ശതമാനവും മലനാടാണ്.
ഇടനാട്:- 7.5 മീറ്ററിനും 75 മീറ്ററിനും ഇടയില്‍ ഉയരമുള്ള പ്രദേശങ്ങള്‍. ചുവന്ന മണ്ണ് ഈ പ്രദേശത്തിന്‍റെ പ്രതേകതയാണ്. നെല്‍കൃഷിക്ക് വളരെ യോജിച്ചതാണ് ഈ മണ്ണ്.
തീരദേശം:- 7.5 മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങള്‍. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തീരപ്രദേശത്താണ്. കൊച്ചി, ആലപ്പുഴ എന്നിവ ഇതിനുദാഹരണങ്ങളാണ്. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയില്‍ തീരദേശം വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്
പ്രാചീനകാലത്ത് കേരളത്തിന്‍റെ ഏറിയപങ്കും വനങ്ങളായിരുന്നു. ഇന്ന് വനങ്ങളുടെ വിസ്തീര്‍ണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. 1970-ല്‍ വനസംരക്ഷണനിയമം കൊണ്ട് വന്ന് വനം വച്ചുപിടിപ്പിക്കല്‍ പദ്ധതികള്‍ നടത്തുന്നുണ്ട് എങ്കിലും വനമേഖലയില്‍ വര്‍ദ്ധനവുണ്ടാക്കാനായിട്ടില്ല. വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്.
നദികള്‍
കേരളത്തില്‍ 44 നദികള്‍ ഉണ്ട്. 41 എണ്ണം സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുമ്പോള്‍ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിലെ നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു എന്നകാരണത്താല്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ നദികളെ അപേക്ഷിച്ച് നീളം കുറവാണ്. 244 കി.മീ നീളമുള്ള പെരിയാര്‍ നദിയാണ് കേരളത്തിലെ ഏറ്റവും നീളമുള്ള നദി. രണ്ടാം സ്ഥാനം ഭാരതപ്പുഴക്കും മൂന്നാംസ്ഥാനം പമ്പയാറിനുമാണ്. 100 കി.മീ കൂടുതല്‍ നീളമുള്ള 11 നദികള്‍ ഉണ്ട്. പഞ്ചാബിലേയോ ആന്ധ്രാ പ്രദേശിലേയോ പോലെ അതിവിശാലങ്ങളായ പാടശേഖരങ്ങള്‍ ഇല്ല. മലകളാലോ ചെറുകുന്നുകളാലോ വലയം ചെയ്ത വയലുകളാണധികവും. പറമ്പുകള്‍, തോടുകള്‍, ചെറുകുന്നുകള്‍, മേടുകള്‍ തുടങ്ങിയ പാടശേഖരങ്ങളേയും ഇടനാട്ടിലേക്കു വരുമ്പോള്‍ കണ്ടെത്താന്‍ കഴിയും. തീരപ്രദേശങ്ങളില്‍ വയലുകളുടെ വിസ്തൃതി പിന്നെയും കുറയുന്നു.
പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍: നെയ്യാര്‍, കരമനയാര്‍, മാമം നദി, വാമനപുരം നദി,ഇത്തിക്കരയാറ്, അയിരൂര്‍പുഴ, കല്ലടയാര്‍,പള്ളിക്കലാറ്,അച്ചന്‍കോവിലാറ്, പമ്പ,മണിമലയാറ്, മീനച്ചിലാറ്, മൂവാറ്റുപുഴ (പുഴ), പെരിയാര്‍, ചാലക്കുടിപ്പുഴ, കരുവന്നൂര്‍പുഴ, പുഴയ്ക്കല്പുഴ, കീച്ചേരിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ, കടലുണ്ടിപ്പുഴ (കരിമ്പുഴ), ചാലിയാര്‍ (ബേപ്പൂര്‍പ്പുഴ), കല്ലായിപ്പുഴ, കോരപ്പുഴ, കുറ്റ്യാടിപ്പുഴ, മയ്യഴി, തലശ്ശേരിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, വളപട്ടണംപുഴ, കുപ്പം പുഴ, രാമപുരംനദി, പെരുവമ്പപ്പുഴ, കവ്വായിപ്പുഴ, കാര്യങ്കോടുപുഴ (തേജസ്വിനി), നീലേശ്വരംപുഴ, ചിത്താരിപ്പുഴ, ചന്ദ്രഗിരിപ്പുഴ, മെഗ്രാള്‍ , ഷിറിയപ്പുഴ, ഉപ്പള, മഞ്ചേശ്വരംപുഴ..
കിഴക്കോട്ടൊഴുകുന്ന നദികള്‍: കബനി, ഭവാനി, പാമ്പാര്‍
കായലുകള്‍
കടലുമായി ബന്ധപ്പെട്ട ജലാശയങ്ങളായ കായലുകള്‍ 34 എണ്ണമാണ് കേരളത്തിലുള്ളത്. ഇവയില്‍ 27 എണ്ണം കടലുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. 7 എണ്ണം ഉള്‍നാടന്‍ ജലാശയങ്ങളാണ്. ഈ കായലുകള്‍ ബന്ധിപ്പിക്കുന്ന 448 കി.മീ. നീളം വരുന്ന ഉള്‍നാടന്‍ ജലപാതകള്‍ ഉണ്ട്. അവയില്‍ കൊല്ലം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ജലപാതയുടെ വികസനം ഇപ്പോള്‍ നടന്നു വരുന്നു. മിക്ക കായലുകളിലും 24 മണിക്കൂറില്‍ രണ്ടു പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു. പ്രധാനകായലുകള്‍ താഴെപറയുന്നവയാണ്: വേളിക്കായല്‍, അഷ്ടമുടിക്കായല്‍, വേമ്പനാട്ടുകായല്‍, കൊടുങ്ങല്ലൂര്‍ കായല്‍, കഠിനകുളം കായല്‍, അഞ്ചുതെങ്ങുകായല്‍, ഇടവാ-നടയറക്കായലുകല്‍, പരവൂര്‍ കായല്‍, പൊന്നാനിക്കായല്‍, കടലുണ്ടി ഇത് കൂടാതെ നിരവധി ശുദ്ധജല കായലുകള്‍ കേരളത്തില്‍ ഉണ്ട്. തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍, മനക്കൊടി എന്നിവ ശുദ്ധജലതടാകങ്ങള്‍ ആണ്. ഇരിങ്ങാലക്കുടയിലെ മറ്റൊരു കായലായ മുരിയാട് അടുത്തകാലത്തായി ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കുമ്പള കുട്ടനാട്, ബേക്കര്‍ എന്നിവടങ്ങളിലും കായലുകള്‍ ഉണ്ട്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം., 3.7 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ തടാകത്തിന്‍റെ ഏറ്റവും കൂടിയ ആഴം 14 മീറ്ററാണ്.
കടല്‍ത്തീരം
കേരളത്തില്‍ 580 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ത്തീരമുണ്ട്. 14 ജില്ലകളില്‍ ഒന്‍പതും കടല്‍ സാമീപ്യമുള്ളവയാണ്. പ്രശസ്തമായ കോവളവും ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമായ വിഴിഞ്ഞവും കേരളത്തിലാണ്. ഭാരതത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് കൊച്ചി. ഇതുകൂടാതെ നിരവധി കടല്‍ത്തീരങ്ങള്‍ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. കടല്‍ത്തീരത്തു നിന്ന് 320 കി.മീ ദൂരം അന്തര്‍ദേശിയ ധാരണയനുസരിച്ച് മത്സ്യബന്ധനത്തിനും ചൂഷണത്തിനും ഉപയോഗിക്കപ്പെടുന്നു. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാനമാണ് മത്സ്യസമ്പത്ത്. ധാരാളം മത്സ്യങ്ങള്‍ കേരളത്തില്‍ നിന്ന് കയറ്റി അയക്കപ്പെടുന്നു. ഇതില്‍ പ്രധാനം ചെമ്മീനും കണവയും ഞണ്ടുമാണ്.
മണ്ണിനങ്ങള്‍
കേരളത്തിലെ മണ്ണിനങ്ങളെ താഴെപ്പറയുന്ന രീതിയില്‍ ഏഴായി തിരിക്കാം.
1. തേരിമണ്ണ്
2. ലാററ്റൈറ്റ്
3. എക്കല്‍മണ്ണ്
4. ചെളിമണ്ണ്
5. ഉപ്പുമണ്ണ്
6. പരുത്തിക്കരിമണ്ണ്
7. കാട്ടുമണ്ണ്
വനങ്ങള്‍
കേരളത്തിലെ ആകെ വനപ്രദേശം ഏതാണ്ട് 1100 ച.കി.മീ. ആണ്. (ഇത് വര്‍ഷാവര്‍ഷം കുറയുന്നതല്ലാതെ കൂടിയിട്ടില്ല) ഈ വനമേഖലകളിലായി 20 വന്യമൃഗസംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വനമേഖലകളില്‍ നിത്യഹരിതവനങ്ങള്‍, കണ്ടല്‍കാടുകള്‍, മഴക്കാടുകള്‍, ഇലകൊഴിയും ഈര്‍പ്പവനങ്ങള്‍ എന്നിവയുണ്ട്.
കുട്ടനാട്
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാര്‍ഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെല്‍കൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്‍റെ സവിശേഷതയാണ്. സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ. മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്‍റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്. നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാല്‍, അച്ചകോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്. നെല്ല്, നേന്ത്രയ്ക്ക, കപ്പ, കാച്ചില്‍ എന്നിവയാണ് കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക വിളകള്‍ .കുട്ടനാട് 31.01.2012നു കാര്‍ഷികപൈത്രുകനഗരമായ് പ്രഖ്യാപിച്ചു.
തണ്ണീര്‍മുക്കം ബണ്ട്:- കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്. നെല്ല് ഒരു പ്രധാന കാര്‍ഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്‍റെ നെല്ലറഎന്നും പേരുണ്ട്. പഴയകാലത്തെ ഇരുപ്പൂ (വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതല്‍ (വര്‍ഷത്തില്‍ മൂന്ന് വിളവെടുപ്പ്). വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങള്‍ പലതും കായല്‍ നികത്തി ഉണ്ടാക്കിയവ ആണ്.
മുന്‍പ് മഴക്കാലത്ത് മലകളില്‍ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ. വേനല്‍ക്കാലത്ത് കുട്ടനാട്ടിലെ കടല്‍വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടില്‍ നിറച്ചിരുന്നു. കേരളത്തിലെ രണ്ട് മഴക്കാലങ്ങളോട് അനുബന്ധിച്ച് വര്‍ഷത്തില്‍ രണ്ട് കൃഷി മാത്രമേ സാധ്യമായിരുന്നുള്ളൂ.1968-ല്‍ ഭാരത സര്‍ക്കാര്‍ നദിയിലെ ഒരു തടയണ കെട്ടാം എന്ന് ശുപാര്‍ശചെയ്തു. ഇതുകൊണ്ട് വേനല്‍ക്കാലത്ത് കടല്‍വെള്ളം നദിയിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ കഴിയും. അങ്ങനെ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കൃഷി ഇറക്കുവാനും കഴിയും. പദ്ധതി മൂന്നുഘട്ടങ്ങളായി തീര്‍ക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത് - തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാല്‍ പദ്ധതി പല കാരണങ്ങള്‍ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങള്‍ നിര്‍മ്മിച്ചുതീര്‍ന്നപ്പോള്‍ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവന്‍ തുകയും തീര്‍ന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ 1972-ല്‍ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങള്‍ക്ക് ഇടയ്ക്കുള്ള ഭാഗം ചെളി കൊണ്ട് നിര്‍മ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങള്‍ക്കിടയ്ക്ക് കര്‍ഷകര്‍ നിര്‍മ്മിച്ച ഭാഗം നിലനില്‍ക്കുന്നു.
ഈ ബണ്ട് കര്‍ഷകരുടെ സാമ്പത്തികസ്ഥിതി ഉയര്‍ത്തി എങ്കിലും ധാരാളം പരിസ്ഥിതി പ്രശ്നങ്ങള്‍ ഇതുകൊണ്ട് ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്നു. ബണ്ട് നിര്‍മ്മാണത്തിനു മുന്‍പ് കുട്ടനാട്ടിലെ കായലുകളില്‍ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നു. ഈ മത്സ്യങ്ങളുടെ പ്രജനനത്തിന് ഉപ്പുവെള്ളം ആവശ്യമായിരുന്നു. ബണ്ട് നിര്‍മ്മാണം കായലിലെ മത്സ്യങ്ങളുടെ എണ്ണത്തെ ബാധിച്ചു എന്ന് ആരോപിച്ച് പ്രദേശത്തെ മുക്കുവര്‍ 2005 മുതല്‍ ബണ്ടിനെ എതിര്‍ക്കുന്നു. കായലും കടലുമായി ഉള്ള ഒന്നുചേരല്‍ ബണ്ട് തടയുന്നതുമൂലം ആണ് കായലുകളില്‍ ഇന്ന് ആഫ്രിക്കന്‍ പായല്‍ വ്യാപകമാവുന്നത് എന്നും പറയപ്പെടുന്നു. മുന്‍പ് കടല്‍ വെള്ളത്തില്‍ നിന്നുള്ള ഉപ്പ് കായലിനെ ശുദ്ധീകരിച്ചിരുന്നു. ഇന്ന് കായലുകളും കായലോരവും പായല്‍ കൊണ്ട് മൂടിയിരിക്കുന്നു.
________________________________________________________________________
ആരോഗ്യം
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചുപോന്നിരുന്നത്. എന്നാല്‍ 1948ലെ ലോക ഹെള്ല്‍ത്ത് അസംബ്ലിയുടെ നിര്‍വചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂര്‍ണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സ്ഥിതി (well being) കൂടി ആണു ആരോഗ്യം. ഈ നിര്‍വചനമാണ് ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിര്‍വചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാര്‍ട്ടര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊമോഷന്‍റെ നിര്‍വചനം കൂടി കൂട്ടിവായിക്കാറുണ്ട് :ആരോഗ്യം സമ്പൂര്‍ണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്, നിലനില്‍പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്.
പാരമ്പര്യവും പരിതസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങള്‍ . ഭൌതീക പരിതസ്ഥിതി, സാമൂഹ്യ പരിതസ്ഥിതി, ജൈവ പരിതസ്ഥിതി എന്ന് പരിതസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം . രോഗാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ പലതാകാം. രോഗാണുക്കള്‍ , പരാഗങ്ങള്‍ എന്നിവയുടെ ആക്രമണം , പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തില്‍ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങള്‍ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തില്‍ അടിഞ്ഞുകൂടി രോഗാവസ്ഥ.ഉണ്ടാകാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങള്‍ ലഭിക്കാതെ ശാരീരിക പ്രക്രിയകള്‍ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം.വ്യായാമക്കുറവുകൊണ്ടാകുന്ന മേല്‍പ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം. അമിതാദ്ധ്വാനം കൊണ്ടുണ്ടാകുന്ന മേല്‍പ്പറഞ്ഞതിലേതെങ്കിലും അവസ്ഥയാകാം. ശരീര കോശങ്ങളുടെ അപകര്‍ഷവും (degeneration), പ്രായ വര്‍ദ്ധനയും (aging) രോഗ കാരണങ്ങളാണു. കൂടാതെ പാരമ്പര്യ ഘടകങ്ങള്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്‍റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവ് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. അപകടങ്ങള്‍ കൊണ്ടുമാകാം രോഗാവസ്ഥ. ഇത്തരം ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയും വ്യക്തിക്ക് ശരീരിക, മാനസിക,സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയേയാണ് ആരോഗ്യം എന്ന് പറയുന്നത്.
ആരോഗ്യ പരിപാലനം
മനുഷ്യന്‍റെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് അനേകം നാട്ടറിവുകള്‍ നമുക്ക് പൈതൃകമായുണ്ട്. പുതിയ കാലത്ത് ഒരുപാട് ആരോഗ്യകേന്ദ്രങ്ങളും, ആശുപത്രികളും, മരുന്നുകളും ലഭ്യമാണ് എന്നാല് നമ്മുടെ ഒരു തലമുറയ്ക്ക് മുമ്പ് വരെ ഇത്തരത്തിലുള്ള യാതൊരു വിധി സൗകര്യങ്ങളില്ലാതിരുന്നിട്ടും ആരോഗ്യപരമായി പുതിയ തലമുറയേക്കാളും പഴയ തലമുറ ഒരുപാട് മുന്നോട്ട് പോയിരുന്നു. അത് പ്രധാനമായും ആ തലമുറയുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. രോഗം വന്ന് ചികിത്സിക്കുന്ന രീതിയാണു ഇന്ന് പരിശീലിക്കുന്നതെങ്കില്‍ അവര് രോഗം വരാതെ സൂക്ഷിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. അത്തരത്തില്‍ അവര് പരിശീലിച്ചിരുന്ന ആരോഗ്യപരിപാലന രീതിയെക്കുറിച്ചുള്ള അറിവുകളാണു ഈ മേഖലയില്‍ ശേഖരിക്കേണ്ടത്.
സാംക്രമിക രോഗങ്ങള്‍
ഏതൊരു ആരോഗ്യപ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തന ഫലമാണ്. രോഗഹേതു, രോഗത്തിനടിമയാകുന്ന വ്യക്തി, രോഗഹേതുവും വ്യക്തിയും നിലനിന്നു പോരുന്ന സാഹചര്യം എന്നിവയാണവ. ശാസ്ത്രീയമായ അറിവിന്‍റെ വെളിച്ചത്തില് ഈ മൂന്നു ഘടകങ്ങളില്‍ സാരമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതുവഴി രോഗങ്ങളുണ്ടാകുന്നത് നമുക്ക് ഫലപ്രദമായി തടയാന്‍ സാധിക്കും. രോഗിയുടെ ശരീരത്തില്‍ നിന്നും വിസര്‍ജ്ജിക്കപ്പെടുന്ന രോഗാണുക്കള്‍ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ മറ്റൊരാളിലെത്തി അയാള്‍ക്കും രോഗമുണ്ടാകാറുണ്ട്. ഈവിധ രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങള്‍ അഥവാ പകര്‍ച്ചവ്യാധികളെന്ന് പറയുന്നത്.
സാംക്രമിക രോഗങ്ങള്‍ക്ക് കാരണം അതി സൂക്ഷമജീവികളായ ബാക്ടീരിയ, വൈറസ് മുതലായ രോഗാണുക്കളാണ്. രോഗാണുക്കള്‍ മൂലം മലിനപ്പെട്ട വായു, വെള്ളം, ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയവയിലൂടെയാണ് രോഗസംക്രമണം നടക്കുന്നത്. അതിനാല്‍ രോഗിയുടെ ശരീരത്തില്‍ നിന്നും വിസര്‍ജ്ജിക്കപ്പെടുന്ന രോഗാണുക്കളെ നമ്മുടെ പരിസരത്ത് നിലനില്ക്കാനിടയാകാത്ത വിധത്തില്‍ നശിപ്പിക്കുകയാണ് സാംക്രമിക രോഗങ്ങളൊഴിവാക്കാനുള്ള ഒരു മാര്‍ഗം. അണുനശീകരണം വഴി വായു, വെള്ളം, ഭക്ഷണപാനീയങ്ങള്‍ മുതലായവ സുരക്ഷിതമാക്കി തീര്‍ക്കാവുന്നതാണ്.
പരിസര ശുചിത്വം ഉറപ്പു വരുത്തുകയാണ് രോഗസംക്രമത്തിനെതിരെയുള്ള മറ്റൊരു പ്രധാന നടപടി. പരിസര ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും പ്രാധാന്യമര്‍ഹിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പുരോഗതിയുടെ ഫലമായി മനുഷ്യന് അവന്‍റെ ഭൗതിക പരിസരത്തെ ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ പരിസര മലിനീകരണം കൊണ്ടുണ്ടാകുന്ന മിക്ക സാംക്രമിക രോഗങ്ങളും നിയന്ത്രണാധീനമായിട്ടുണ്ട്. ഇന്ത്യയില്‍ എഴുപതു ശതമാനം രോഗങ്ങളും പരിസരശുചിത്വക്കുറവുകൊണ്ടാണുണ്ടാകുന്നത്.
ക്ഷയരോഗം, വില്ലന്‍ചുമ, മണ്ണന്‍ മുതലായ മാരകരോഗങ്ങള്‍ വായുവിലൂടെയാണ് പകരുന്നത്. അതിനാല്‍ ഈവിധ രോഗങ്ങളുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് ഒരു തൂവല കൊണ്ടോ മറ്റോ മറയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്ന പക്ഷം രോഗാണുക്കള്‍ വായുവില്‍ കലര്‍ന്ന് മറ്റുള്ളവരിലേക്ക് പകരുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാം. ഒരു നിയന്ത്രണവുമില്ലാതെ പൊതുനിരത്തുകളിലും, വീടിന്റെ പരിസരങ്ങളിലും തുപ്പുന്നതും രോഗാണുക്കള്‍ അന്തരീക്ഷവായുവിലെത്താന്‍ കാരണമാകും. അതിനാല്‍ ഈ ശീലവും ഒഴിവാക്കേണ്ടതാണ്.
ഏകദേശം അറുപതില്‍പ്പരം സാംക്രമികരോഗങ്ങള്‍ ഈച്ച, കൊതുക് മുതലായ കീടങ്ങള്‍ പരത്തുന്നവയാണ്. രോഗാണുവാഹികളായ പല കീടങ്ങളും അവയുടെ ജീവിത ചക്രത്തിന്‍റെ പ്രാരംഭ ദശകള്‍ മലിനജലത്തിലോ ചീഞ്ഞഴകുന്ന ചപ്പുചവറുകളിലോ ആണ് ചെലവഴിക്കുന്നത്. മലിനജലം കെട്ടിനില്ക്കാനിടയാകാതെ ഓടയിലൂടെയോ മറ്റോ ഒഴുക്കിക്കളയുകയാണ് കൊതുകളെ നിയന്ത്രിക്കാനുള്ള ഉത്തമമാര്‍ഗം. കമ്പോസ്റ്റിങ് നടത്തുന്നതുവഴി അപകടകാരികളായ ഈച്ചകളെയും ഒഴിവാക്കാം. പരിസരശുചിത്വത്തിലൂടെ വായു, മണ്ണ്, വെള്ളം, ഭക്ഷണപാനീയങ്ങള്‍ മുതലായവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവഴി മിക്ക സാംക്രമിക രോഗങ്ങളും സമീപഭാവിയില്‍ നിയന്ത്രണാധീനമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
____________________________________________________________________________________________